ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതി രാജ്യത്ത് ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ രോഗബാധ ആദ്യം സ്ഥിരീകരിച്ച് കേരളത്തിലേക്ക് രോഗ പ്രതിരോധത്തിനു സര്‍വസജ്ജമായ വൈദ്യസംഘത്തെയും ദുരന്തനിവാരണ സംഘത്തെയും അയയ്ക്കണമെന്ന് ടി.എന്‍.പ്രതാപന്‍ എംപി.
ലോക്‌സഭയില്‍ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യം രോഗം സ്ഥിരീകരിച്ചത് കേരളത്തിലെ തൃശൂരിലാണ്. നിലവില്‍ മൂന്നു രോഗികള്‍ സംസ്ഥാനത്തുണ്ട്. രണ്ടായിരത്തിലേറെ രോഗികള്‍ കൊറോണ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ നിരീക്ഷണത്തിലാണ്.
സംസ്ഥാന ദുരന്തമായി ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം സഭയില്‍ സര്‍ക്കാരിന്റെ നടപടികളെപ്പറ്റി വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും പട്ടികപ്പെടുത്താത്ത ഗോത്ര ആദിവാസി വിഭാഗങ്ങളെയും നാടോടി വിഭാഗങ്ങളെയും 2021ലെ സെന്‍സസില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നു പ്രതാപന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി കിഷന്‍ കുമാര്‍ ഗുര്‍ജര്‍ മറുപടി പറഞ്ഞു.