സംസ്ഥാനത്ത് നിയന്ത്രണങ്ങളിലെ കാര്‍ക്കശ്യം തുടരും; എപിഡമിക് ആക്ട് പ്രകാരം കേസെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ നിരത്തുകളില്‍ ആളുകള്‍ കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലോക്ഡൗണ്‍ പാലിക്കുന്നതിലെ കാര്‍ക്കശ്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയ ആളുകളെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇതുവരെ 22,338 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 2155 പേരെ അറസ്റ്റ് ചെയ്തു. 12,783 വാഹനങ്ങള്‍ പിടിച്ചു. ഇനി ആലോചിക്കുന്നത് എപിഡമിക് ആക്ട് പ്രകാരം കേസ് എടുക്കുന്നതിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുവരുന്നതില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ഇന്ന് 2153 ട്രക്കുകള്‍ സാധനങ്ങളുമായി എത്തിയിട്ടുണ്ട്. കര്‍ണാടകയിലെ റോഡ് പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചരക്ക് നീക്കത്തിനുള്ള തടസ്സം ഒഴിവാക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പതിനാലര ലക്ഷത്തോളം പേര്‍ക്ക് ഇന്നു മാത്രം റേഷന്‍ വിതരണം ചെയ്തു. മെച്ചപ്പെട്ട രീതിയിലാണ് വിതരണം. ചിലയിടങ്ങളില്‍ തിരക്കുണ്ടായിരുന്നു. മിക്കയിടങ്ങളിലും വരുന്നവര്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കി. സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് ലക്ഷത്തില്‍ അധികം പേര്‍ക്കു ഭക്ഷണം നല്‍കി. സന്നദ്ധ സേനയുടെ റജിസ്‌ട്രേഷനില്‍ നല്ല പുരോഗതിയുണ്ടായി. പഞ്ചായത്ത് അടിസ്ഥാനത്തിലാണ് റജിസ്‌ട്രേഷന്‍. പഞ്ചായത്തുകളുടെ ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കും.

അതിഥി തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കും. ഫാക്ടറികളില്‍ ജോലി ചെയ്ത് അവിടെ ഭക്ഷണം കഴിച്ച് താമസിക്കുന്ന അതിഥി തൊഴിലാളികളുണ്ട്. ഭക്ഷണ സമയത്ത് ഫാക്ടറി മുതലാളിമാര്‍ സര്‍ക്കാര്‍ ഒരുക്കിയ ഇടത്തേക്ക് പോയി കഴിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതു ശരിയല്ല. കോവിഡ് കഴിഞ്ഞാല്‍ നാളെയും തൊഴിലാളികള്‍ അവര്‍ക്ക് ആവശ്യമുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Top