‘വണ്ടര്‍ വുമണ്‍ വനജ’; കൊറോണയില്‍ ബോധവത്കരണ ചിത്രവുമായി ഫെഫ്ക

ഗോളവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വൈറസിനെ നേരിടാന്‍ ബോധവത്കരണ ചിത്രങ്ങളുമായി സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക.

ഇതിനായി ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒന്‍പത് ബോധവത്കരണ ചിത്രങ്ങളാണ് ഫെഫ്കയുടെ എന്റര്‍ടൈന്‍മെന്റ് യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

എല്ലാവരും സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂ എന്ന സന്ദേശം മുന്നോട്ട് വെക്കുന്ന മുത്തുമണി അഭിനയിക്കുന്ന ‘വണ്ടര്‍ വുമണ്‍ വനജ’യാണ് ആദ്യ ചിത്രമായി പുറത്തിറങ്ങിയത്. ഈ ചിത്രത്തിലൂടെ നിത്യ വേതനം കൈപ്പറ്റുന്നവരെ നമ്മള്‍ ചേര്‍ത്തു പിടിക്കണമെന്ന ആശയം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.

കൂടാതെ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, രജീഷ വിജയന്‍, കുഞ്ചന്‍, അന്ന രാജന്‍, ജോണി ആന്റണി, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയവരും ചിത്രങ്ങളില്‍ പങ്കാളികളാകുന്നു. ചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ രാവിലെ 11 മണിക്കും വൈകുന്നേരം 5 മണിക്കുമായി ഫെഫ്കയുടെ യു ട്യൂബ് ചാനലിലൂടെ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Top