സംസ്ഥാനത്ത് കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുന്‍കരുതലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയെന്നും മന്ത്രി പറഞ്ഞു.

കൊറോണ ബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ സര്‍ക്കാരിനെ ഉറപ്പായും അറിയിക്കണം. ഇക്കാര്യം അറിയിച്ചില്ലെങ്കില്‍ കുറ്റമായി കണക്കാക്കും. വൈറസിനെതിരേ സമൂഹവും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ കണക്കുകളനുസരിച്ച് കേരളത്തിലാകമാനം 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. 26 പേരായിരുന്നു പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍. ഇന്ത്യയില്‍ ഇതുവരെ 34 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ചു കേസുകള്‍ കൂടി ആകുമ്പോള്‍ ഇത് 39 ആയി ഉയരും.

Top