കൊറോണ വൈറസ്: സംസ്ഥാനത്ത് 2826 പേര്‍ നിരീക്ഷണത്തില്‍, ആശങ്ക വേണ്ട!

shylaja-kk

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2826 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇവരില്‍ 2743 പേര്‍ വീടുകളിലും, 83 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സംശയാസ്പദമായവരുടെ 263 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 229 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് രോഗബാധ സംശയിക്കുന്നവരുടെ തുടര്‍ ചികില്‍സയ്ക്കായി സജ്ജമാക്കിയിട്ടുളള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ എന്‍.ഐ.വി യുണിറ്റില്‍ സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും മറ്റ് ഇതര വകുപ്പ് ജീവനക്കാര്‍ക്കും വേണ്ട പത്തോളം പരിശീലന സഹായികള്‍ വീഡിയോ രൂപത്തില്‍ തയ്യാറാക്കി ‘കേരള ഹെല്‍ത്ത് ഓണ്‍ലൈന്‍ ട്രെയിനിങ്’ എന്ന ആരോഗ്യവകുപ്പിന്റെ യൂട്യുബ് ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളിതു വരെ 20 വീഡിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരോടൊപ്പം ഇതര വകുപ്പുകളിലെ ജീവനക്കാരേയും സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍ ജനപ്രതിനിധികള്‍ എന്നിവരേയും പരിശീലിപ്പിക്കുന്നു. തുടര്‍ പരിശീലനങ്ങളിലൂടെ കൊറോണയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയാണ് ഈ പരിശീലന പരിപാടികളുടെ ആത്യന്തിക ലക്ഷ്യം.

സംസ്ഥാന കണ്‍ട്രോള്‍ റൂമും ജില്ല കണ്‍ട്രോള്‍ റൂമുകളും തമ്മില്‍ പ്രാധാന്യമേറിയ വിവരങ്ങള്‍ കൈമാറുന്നതിനും വിശകലനം ചെയ്യുന്നതിനും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും അവശ്യ മാനവവിഭവശേഷി ഉറപ്പു വരുത്താനായുള്ള ടീമുകളെ വിന്യസിപ്പിച്ചിട്ടുണ്ട്.

വിമാനത്താവള നിരീക്ഷണത്തിനും, ആശുപത്രി നിരീക്ഷണത്തിനും ഗതാഗത സംവിധാനം ഉറപ്പു വരുത്താനും വേണ്ട മാനവവിഭവശേഷി എല്ലാ ജില്ലകളിലും ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലേയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ മതിയായ ഭൗതിക സാഹചര്യങ്ങളും പ്രത്യേക ചികിത്സാ സൌകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്.

കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

Top