ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18000 കടന്നതായി കണക്കുകള്‍. സര്‍ക്കാര്‍ പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് 18601 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതുവരെ 590 പേര്‍ കൊവിഡ് രോഗം ബാധിച്ചു മരിച്ചു. 3252 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.
രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 4666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 2081 പേര്‍ക്കും, ഗുജറാത്തില്‍ 1851 പേര്‍ക്കും, മധ്യപ്രദേശില്‍ 1485 പേര്‍ക്കും, രാജസ്ഥാനില്‍ 1576 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1477 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 1184 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 552 പേര്‍ക്കും ഗുജറാത്തില്‍ 247 പേര്‍ക്കുമാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ മൂന്ന് ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ് ഗുജറാത്തില്‍.
പതിനെട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത്കുറഞ്ഞതായും ആരോഗ്യമന്ത്രാലയം പറയുന്നു. പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ് കേസുകളില്‍ രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നു.
ആദ്യ നാളുകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായിരിക്കുന്നു. കേരളത്തില്‍ ഇത് 72 ദിവസമാണ്,ഒഡീഷയില്‍ 38 ദിവസവും.രണ്ട് സംസ്ഥാനങ്ങളിലും രോഗബാധ നന്നേ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല. കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി.