പരോള്‍ കഴിഞ്ഞും പുതുതായും വരുന്ന തടവുകാരെ പ്രത്യേകം ബ്ലോക്കില്‍ താമസിപ്പിക്കാന്‍ നിര്‍ദേശം

പാലക്കാട്: കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരോള്‍ കഴിഞ്ഞും പുതുതായി എത്തുന്ന തടവുകാരെയും അഡ്മിഷന്‍ ബ്ലോക്കില്‍ പ്രത്യേകം താമസിപ്പിക്കാനും സെന്‍ട്രല്‍ ജയിലുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തയാറാക്കാനും തീരുമാനം. പുറത്തുനിന്നെത്തുന്ന തടവുകാരെ ആറ് ദിവസത്തേയ്ക്കാണ് നിരീക്ഷണത്തിനായി അഡ്മിഷന്‍ വിഭാഗത്തില്‍ പ്രത്യേകം താമസിക്കുകയെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു.

ഇവരെ സ്റ്റോര്‍, അടുക്കള, ടവര്‍, ഒാഫിസ് എന്നിവടങ്ങളില്‍ അയക്കാന്‍ പാടില്ല. പ്രത്യേക നിരീക്ഷണത്തിന് മുതിര്‍ന്ന തടവുകാരെ സൂപ്പര്‍വൈസര്‍മാരായി നിയമിക്കും. മെഡിക്കല്‍ ഒാഫിസര്‍, ആരോഗ്യപ്രവര്‍ത്തകരും എല്ലാദിവസവും പതിവ് ഒപി കഴിഞ്ഞ് ഈ തടവുകാരെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കണം. തടവുകാര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ മാസ്‌ക് വങ്ങലും ഉപയോഗവും പ്രോത്സാഹിപ്പിക്കാന്‍ ജയിലിനുള്ളില്‍ മാസ്‌ക് കൗണ്ടറും സംഭരണ യൂണിറ്റും ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

തുപ്പുന്നത് തടഞ്ഞുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു. ഔദ്യോഗിക നിയന്ത്രണമില്ലെങ്കിലും തടവുകാരെ കാണാനെത്തുന്നവരുടെ എണ്ണം പരിമിതിപ്പെടുത്താവുന്നതാണ്. അതതു സ്ഥലത്തെ സാഹചര്യമനുസരിച്ച് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് വിഷയത്തില്‍ നടപടി സ്വീകരിക്കാം. ജയിലിനുള്ളില്‍ ബോധവല്‍ക്കരണത്തിനെത്തുന്ന വിവിധ സംഘടനാപ്രവര്‍ത്തകരെയും നിരീക്ഷിക്കും.

ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍, മറ്റുജയിലിലേയ്ക്കു കൊണ്ടുപോകുന്നവരെയും പരമാവധി പകല്‍മാത്രം മാറ്റുക. കൊറോണ ബാധിതപ്രദേശങ്ങളില്‍ കേസുകള്‍ക്കു പോകുന്ന പ്രതികള്‍, അവര്‍ക്കൊപ്പമുള്ള ജീവനക്കാരെയും തിരിച്ചത്തുമ്പോള്‍ പ്രത്യേകം നിരീക്ഷിച്ചു റിപ്പോര്‍ട്ടു ചെയ്യണം.

ജയിലിനുള്ളില്‍ മുടിവെട്ടുന്ന സ്ഥലത്ത് തടവുകാരെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കരുത്. ബ്ലോക്കുകളില്‍ നിന്ന് ബ്ലോക്കുകളിലേയ്ക്കുള്ള തടവുകാരുടെ യാത്ര തല്‍ക്കാലം നിരോധിച്ചു.
അടുക്കളയില്‍ പാചകം ചെയ്യുന്ന ഇറച്ചി വിശദമായി പരിശോധിക്കണം. തുടങ്ങി വിവിധ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

Top