ഡയമണ്ട് പ്രിന്‍സസിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്ക് ഇതുവരെകൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യാക്കര്‍ക്ക് കൊറോണ ബാധിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബരകപ്പല്‍ ക്വാറന്റൈന്‍ ചെയ്ത് ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടത്. 3000 യാത്രക്കാരും ആയിരത്തോളം ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇതില്‍ 138 പേര്‍ഇന്ത്യക്കാരാണെന്നാണ് വിവരം.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡയമണ്ട് പ്രിന്‍സസിലാണ്. അഞ്ച് ദിവസം കപ്പലില്‍ കഴിഞ്ഞ ശേഷം ജനുവരി 25ന് ഹോംങ്കോംഗില് ഇറങ്ങിയ 80കാരനായ യാത്രക്കാരന്‍ കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ യാത്രനിര്‍ത്തി നിരീക്ഷണം ആരംഭിച്ചത്. 273 പേരെയാണ് കപ്പലിനുള്ളില്‍ കൊറോണ ലക്ഷണങ്ങളുമായി കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ജപ്പാനിലെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.

Top