തിരുവനന്തപുരം: ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ മൊത്തം 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 237 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.
ഇന്ന് മാത്രം 64 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പുതുതായി 6103 പേരാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. 5155 പേരെ രോഗ ബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷത്തില്‍ നിന്ന് ഒഴിവാക്കി. 2921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 2342 എണ്ണം രോഗബാധയില്ലെന്ന ഫലമാണ് ലഭിച്ചത്. ഇന്ന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.
സംസ്ഥാനത്തെ സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായി 20,000 കോടി രൂപയുടെ ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയാണെന്നും പിണറായി വിജയന്‍ അറിയിച്ചു. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും. ഒപ്പം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടിയുടെ തൊഴില്‍ ഉറപ്പ് നടപ്പാക്കും. രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. 50 ലക്ഷത്തില്‍പരം ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കിട്ടും. അതില്ലാത്തവര്‍ക്കു 1000 രൂപ വീതവും നല്‍കുമെന്നും അതിനായി 100 കോടി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.