തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 52 ആയി വര്‍ധിച്ചു. ആറ് പേര്‍ കാസര്‍കോട്ടും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ കൊച്ചിയിലുമായി ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കൊവിഡ് ബാധ ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരെല്ലാം ഗള്‍ഫില്‍ നിന്ന് വന്നവരാണ്. ആകെ 53013 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 52785 പേര്‍ വീടുകളിലാണ്. 228 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3716 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങളോട് ഇപ്പോഴുള്ള സഹകരണം മെച്ചപ്പെട്ടതാണ്. ഇതിന് മതനേതാക്കള്‍ നല്‍കിയ ഇടപെടലുകള്‍ക്ക് ഫലം ഉണ്ടാകുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.