കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകം മുഴുവനും. വിവാഹം, ഉത്സവം, കൂട്ടംകൂടിയള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങി ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പങ്കുവെക്കുന്നുണ്ട്. സര്‍ക്കാരും ആരോഗ്യവകുപ്പ് ഉദ്യാഗസ്ഥരും മാത്രമല്ല ജനങ്ങള്‍ പരസ്പരം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
എന്നാല്‍ കൊറോണയ്‌ക്കെതിരെ നാം പാലിക്കേണ്ട മുന്‍കരുതലുകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സാധാരണ എല്ലാവരും സോഷ്യല്‍ മീഡിയയെ ആണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഒരു മരണവീട്ടില്‍ നല്‍കിയിരിക്കുന്ന ബോധവത്കരണ നടപടിയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.
സ്വാഭാവികമായും ആളുകള്‍ കൂടുന്ന സ്ഥലമാണ് മരണവീട്. മരണവാര്‍ത്ത കേട്ട് വരുന്ന സ്വന്തക്കാരോടും നാട്ടുകാരോടും കൊറോണയെ കുറിച്ച് പറഞ്ഞാല്‍ അവര്‍ എന്ത് കരുതും. അതിനാല്‍ വരുന്നവര്‍ കാണുന്ന വിധത്തില്‍ നിര്‍ദേശങ്ങള്‍ ഒരു ബോര്‍ഡില്‍ എഴുതി സ്ഥാപിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിലെ രാമപുരത്തെ ചക്കാംപുഴയിലുള്ള ഒരു മരണ വീട്ടിലാണ് സംഭവം.
ബോര്‍ഡില്‍ എഴുതിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്..
* സംസ്‌ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യ സുരക്ഷയെ മാനിച്ച് മൃ തശരീരത്തില്‍ ചുംബിക്കാതെ പ്രാര്‍ത്ഥനയോടെ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
* പരസ്പര ഹസ്തദാനം, ആശ്ലേഷം എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ.
* ഇവിടെ ഹാന്‍ഡ് വാഷ്, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ വിവാഹവേദിയില്‍ വരനും വധുവും മുഖത്ത് മാസ്‌ക് ധരിച്ച് മാതൃകയായിരുന്നു. എന്നാല്‍ മരണവീട്ടില്‍ ഇത്തരം ഒരു നടപടി ആദ്യമായാണ്. ഏതായാലും ഈ കുടുംബം ചെയ്ത നന്മ നിറഞ്ഞ പ്രവൃത്തി ഏറെ പ്രശംസ ഏറ്റുവാങ്ങുന്നതാണ്.