തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേസ് നിഗമനമാണെന്നും പോസറ്റീവ് ആകാന്‍ സാധ്യത മാത്രമാണെന്നുമാണ് മന്ത്രി പറഞ്ഞത്. പരിശോധനാഫലം ഇനിയും കിട്ടിയിട്ടില്ല. അന്തിമ ഫലം വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
അതേസമയം കേരളത്തിലെ രണ്ടാമത്തെ കൊറോണബാധയും വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എന്നാല്‍ രോഗബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല എന്നും മന്ത്രി പറഞ്ഞു. പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ പ്രാഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
‘ഇന്ന് ഒരു കേസ് കൂടി പോസിറ്റീവ് ആണെന്നത് പ്രാഥമിക പരിശോധനയിലെ നിഗമനമാണ്. പുണെയില്‍ നിന്ന് പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഫോണ്‍ വഴി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ വിവരം മാത്രമാണ് ഉള്ളത്. സംശയിക്കുന്നത്, ആലപ്പുഴ മെഡിക്കല്‍ കോളേജിലുള്ള കുട്ടിക്കാണ് കൊറോണ വൈറസ് ബാധയുള്ളത് എന്നാണ്. ഇത് നിഗമനം മാത്രമാണ്. റിപ്പോര്‍ട്ട് വരാതെ സ്ഥിരീകരിക്കാന്‍ സാധിക്കില്ല. വുഹാന്‍ സര്‍വകലാശാലയില്‍ നിന്ന് വന്നതാണ് ഈ കുട്ടിയു’മെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം ബാധയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും. ആരും അതില്‍ വീഴ്ച വരുത്തരുത്. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത്. അത് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.