ഉറവിടം അറിയാത്ത കേസുകള്‍; പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

മലപ്പുറം:ഉറവിടമറിയാത്ത കേസുകളും കോവിഡ് രോഗികളുടെ എണ്ണവും ഉയരുന്ന സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. തിങ്കളാഴ്ച മുതൽ അടുത്ത മാസം 6 വരെയാണ് ട്രിപ്പിൾ ലോക്ക് ഡൗണ്‍. പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കും.

മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മന്ത്രി കെ ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം വരുന്നത്.

താലൂക്കിലെ 1500 പേര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്നും ആവശ്യമെങ്കില്‍ പരിശോധന വ്യാപിപ്പിക്കുമെന്നും മന്ത്രി കെ ടി ജലീല്‍ അറിയിച്ചിരുന്നു. പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രികളുടെയും സഹായം തേടാനാണ് തീരുമാനം. എടപ്പാളിൽ കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരുമായി ഇരുപതിനായിരത്തോളം പേർക്കു സമ്പർക്കമുണ്ടായിരുന്നതായാണ് വിലയിരുത്തൽ.

ഇതിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ 9 പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്റ് സോണാക്കാനാണ് ശുപാര്‍ശ. ജില്ലാ ഭരണകൂടമാണ് ശുപാര്‍ശ നല്‍കിയത്.നിലവിൽ 4 പഞ്ചായത്തുകളും നഗരസഭയിലെ 47 വാർഡുകളും മാത്രമാണ് കണ്ടെയ്ൻമെന്റ് സോൺ.

മേഖലയിൽ റാൻഡം സാംപിൾ പരിശോധന നാളെ ആരംഭിക്കും രോഗബാധിതരുമായി സമ്പർ‌ക്കമുണ്ടായിരുന്നവർ, ആരോഗ്യ പ്രവർത്തകർ, കച്ചവടക്കാർ, പൊലീസുകാർ, ആശാവർക്കർമാർ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നിവരടക്കം 1500 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.

സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് മലപ്പുറം എടപ്പാളില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഈ ആശുപത്രിയിലേക്ക് രോഗികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ സ്രവം പരിശോധനക്ക് അയച്ചു.

Top