കൊറോണയുടെ പശ്ചാത്തലത്തില്‍ സജ്ജീവമായി പത്തനംതിട്ട കലക്ടറും സംഘവും

പത്തനംതിട്ട: രോഗബാധിതരെ കണ്ടെത്താന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ജാഗരൂകരായിരിക്കുകയാണ് പത്തനംതിട്ട കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ഡോക്ടര്‍മാരും ടെക്കികളുമടക്കമുള്ള സന്നദ്ധസംഘം. ഇവര്‍ക്കെല്ലാം നേതൃത്വം നല്‍കി ജില്ലാ കലക്ടര്‍ പി ബി നൂഹ്. കൊറോണ വൈറസ് ബാധിതരായി കണ്ടെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാവരെയും കണ്ടെത്തി വിളിച്ച്, തുടര്‍ച്ചയായി നിരീക്ഷണം ഉറപ്പാക്കുന്നത് ഇവരാണ്.

രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ വിപുലമായ സജ്ജീകരണങ്ങളാണ് പത്തനംതിട്ട കളക്ട്രേറ്റില്‍ ഒരുക്കിയിരിക്കുന്നത്. ജിയോ ട്രാക്കിംഗ് സംവിധാനമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കണ്‍ട്രോള്‍ റൂമില്‍ വരുന്ന നൂറു കണക്കിന് കോളുകള്‍. ഇതില്‍ നിന്ന് സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുകയാണ് ആദ്യഘട്ടം.

‘ഈ കണ്‍ട്രോള്‍ റൂമിലുള്ളവര്‍ നിരന്തരം മൂന്ന് നാല് കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഒന്ന്, ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കണം. പ്രൈമറി, സെക്കന്ററി കോണ്ടാക്ടിലുള്ള ആളുകള്‍ക്ക് പനിയോ ചുമയോ മറ്റ് എന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അത് പരിശോധിക്കണം. അങ്ങനെയുണ്ടെങ്കില്‍ അത് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് കൈമാറും. അവര്‍ അവരുടെ രോഗവിവരങ്ങള്‍ കേള്‍ക്കും. പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി അവരെ ആശുപത്രിയിലേക്ക് മാറ്റും. ഐസൊലേഷനിലാക്കണമെങ്കില്‍ അങ്ങനെ. പരിശോധനകള്‍ ഉറപ്പാക്കും”, കളക്ടര്‍ വ്യക്തമാക്കുന്നു.

60ല്‍ അധികം പേരാണ് കണ്‍ട്രോള്‍ റൂമിലെ സന്നദ്ധസംഘത്തിലുള്ളത്. ഇതിനകം ആയിരത്തോളം പേരെ ഫലപ്രദമായി ട്രാക്ക് ചെയ്യാനായി. രോഗവ്യാപനം തടയാന്‍ സാങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉപയോഗപ്പെടുത്തുമ്പോഴും ആളുകളുടെ നിസ്സഹകരണമാണ് അല്‍പ്പമെങ്കിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ”വീട്ടില്‍ ഐസൊലേഷന്‍ വേണമെന്നത് നിര്‍ബന്ധമാണ്. അത് കര്‍ശനമായി നടപ്പാക്കണം. ഇത് പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും കോള്‍ സെന്റര്‍ സംവിധാനം വഴി കഴിയും”, എന്ന് കളക്ടര്‍ പറയുന്നു.

Top