പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നും മരണാനന്തരചടങ്ങുകള്‍ക്ക് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താതിരിക്കാനും നിര്‍ദേശിച്ചു. ഉത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി കുറയ്ക്കാനും നിര്‍ദേശിച്ചു. സംസ്ഥാനത്ത് രണ്ടാമത് കൊറോണ സ്ഥിരീകരിച്ചത് പത്തനംതിട്ടയിലാണ്.
ജില്ലയിലെ എല്‍പി, യുപി സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടാനും തീരുമാനിച്ചു. സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ പാടില്ലെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.കോവിഡ്19 നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. വയോധികരായ രണ്ടുപേര്‍ക്കും മെച്ചപ്പെട്ട ചികിത്സ നല്‍കുകയാണു ലക്ഷ്യം. ഇവരുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നു ജില്ലാ കലക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.