ന്യൂഡല്‍ഹി: കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. കുട്ടികള്‍ക്കിടയില്‍ കൊറോണ പടരാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയിലാണ് ഈ നടപടി.
കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് ഹാജര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സര്‍ക്കാര്‍ കത്ത് അയച്ചിട്ടുണ്ട്.
ഇതിനിടയില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 30 ആയി. ബുധനാഴ്ച 22 പേര്‍ക്കാണ് പുതിയതായി ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.
അതേസമയം കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിഷയം നിരീക്ഷിച്ചുവരുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു.