തിരുവനന്തപുരം: നിസ്സാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മൂന്നു പേരടക്കം സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരാള്‍ ഗുജറാത്തില്‍ നിന്ന് വന്നയാളാണ്. കാസര്‍ഗോഡ് ഏഴ് പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 295 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് രോഗികളുമായി ഇടപെട്ട നഴ്സിനും രോഗം ഭേദമായതായി മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം റാന്നിയില്‍ കൊവിഡ് ബാധിച്ച വൃദ്ധദമ്പതികള്‍ ആശുപത്രിവിട്ടത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ആരോഗ്യപ്രവര്‍ത്തകരുടെ മികവാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 പിടിപെടാതിരിക്കാന്‍ കടുത്ത ജാഗ്രത വേണമെന്നും എല്ലാവരും മാസ്‌ക് ധരിക്കുന്നത് വ്യാപകമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസ്‌ക് ധരിക്കേണ്ടത് ഇന്നത്തെ ഘട്ടത്തില്‍ പൊതുവെ എല്ലാവരും സ്വീകരിക്കേണ്ട ജാഗ്രതാ നടപടിയാണ്, ഇത് സംബന്ധിച്ച് കൃത്യമായ ബോധവത്കരണം സമൂഹത്തില്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിക്ക് അകത്തുള്ളവര്‍ മാത്രമല്ല മാസ്‌ക് ധരിക്കേണ്ടത്. രോഗ വ്യപാന ഘട്ടത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പ്രചാരണം വേണം. മാസ്‌ക് ധരിക്കുന്നത് അവനവന് രോഗം തടയാന്‍ വേണ്ടി മാത്രമല്ല. മറ്റുള്ളവര്‍ക്ക് നമ്മില്‍ നിന്ന് രോഗം പടരാതിരിക്കാന്‍ കൂടിയാണെന്ന് ആളുകള്‍ മനസിലാക്കണം. മറ്റ് രാജ്യങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ട്. അവിടെ എല്ലാവരും മാസ്‌ക് ധരിക്കുന്നു. രോഗവ്യാപനം തടയാനും ചെറുക്കാനും ഇത് സഹായകരമാകും. ഇക്കാര്യത്തില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത് മാസ്‌ക് വ്യാപകമായി ധരിക്കണം എന്നാണ്. അത് നമ്മളും പിന്തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.