കൊറോണയെ തുരത്തുന്നതില്‍ കേരളം മാതൃക; തെലുങ്കാന പ്രതിനിധിസംഘം സംസ്ഥാനത്ത്

തിരുവനന്തപുരം: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാനും തെലുങ്കാന സര്‍ക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം കേരളത്തില്‍.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ സംഘത്തിന് കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് 3 പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടും മറ്റുള്ളവരിലേക്ക് പകരാതെ കൊറോണ രോഗം തടയാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തെലുങ്കാന പ്രതിനിധി സംഘത്തോട് പറഞ്ഞു.

ലോകാരോഗ്യ സംഘടനകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാണ് കൊറോണയെ പ്രതിരോധിച്ചത്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമുകളും തുറന്നു. എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.ജനങ്ങള്‍ക്ക് ശക്തമായ അവബോധം നല്‍കുകയും സംശയ ദൂരികരണത്തിനായി കോള്‍സെന്റര്‍ സ്ഥാപിക്കുകയും ചെയ്തു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടുവെന്നും മന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത, എന്നീ കാര്യങ്ങളും മന്ത്രിയും ഉദ്യോഗസ്ഥരും തെലുങ്കാന പ്രതിനിധി സംഘത്തിന് വിവരിച്ചു കൊടുത്തു. തെലുങ്കാനയ്ക്ക് പിന്നാലെ ഒഡീഷ, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോവിഡ് 19 രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ഭീതിയല്ല വേണ്ടത്, ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് യാതൊരാശങ്കയും വേണ്ടെന്നും ഉത്സവങ്ങളോ ആഘോഷങ്ങളോ നിയന്ത്രിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും മന്ത്രി പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ആള്‍ക്കൂട്ടത്തില്‍ പോകരുത്, അതാണ് അവര്‍ക്കും സമൂഹത്തിനും നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊറോണ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് തെലുങ്കാന ജി.എച്ച്.എം.സി. അഡീഷണല്‍ കമ്മീഷണര്‍ ബി. സന്തോഷ് ഐ.എ.എസ്. പറഞ്ഞു. 3 പേര്‍ക്ക് പോസിറ്റീവായിട്ട് പോലും ഒരാളിലും വ്യാപിക്കാതെ രോഗപ്പകര്‍ച്ച തടയാനായി. തെലുങ്കാനയിലും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പിന്തുടരുന്നത്. എല്ലാവരും ലോകാരോഗ്യ സംഘടനയുടെ ഒരേ ഗൈഡ്ലൈനാണ് പിന്തുടരുന്നതെങ്കിലും അതിലുപരി കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പാഠമാണ്. അതിനാലാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നത്. ഇവിടെ നിന്നും ലഭിക്കുന്നതിന്റെ റിപ്പോര്‍ട്ട് തെലുങ്കാന ആരോഗ്യ വകുപ്പ് മന്ത്രിക്ക് നല്‍കുമെന്നും സംഘം വ്യക്തമാക്കി.

ജി.എച്ച്.എം.സി. അഡീഷണല്‍ കമ്മീഷണര്‍ സന്തോഷ് ഐ.എ.എസ്., ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. മഹ്ബൂഖന്‍, ഗാന്ധി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ശ്രാവണ്‍ കുമാര്‍, ഹൈദരാബാദ് ഡിസ്ട്രിക് മെഡിക്കല്‍ ഓഫീസര്‍ ഡോ. വെങ്കിടി, തെലുങ്കാന എന്‍.എച്ച്.എം. ഡോ. രഘു എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തല്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ്യോത് സിംഗ് ഖോസ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വ്യാഴാഴ്ച വൈകിട്ടെത്തിയ 12 അംഗ സംഘം എയര്‍പോര്‍ട്ടിലെ വിവിധ ഒരുക്കള്‍ വിലയിരുത്തി. മന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ശനിയാഴ്ച സംഘം ആലപ്പുഴ സന്ദര്‍ശിച്ച് അവിടത്തെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. രണ്ട് ദിവസത്തേയും കൊറോണ അവലോകന യോഗങ്ങളിലും ഇവര്‍ പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുക.

Top