ആഗോളതലത്തില്‍ കൊവിഡ് മരണം 16,5000 കടന്നു; രോഗബാധിതര്‍ 24 ലക്ഷം പേര്‍

ലണ്ടന്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. ലോകമാകെ ഇതുവരെ 16,5000 പേര്‍ മരിച്ചു. യൂറോപ്പില്‍ മരണ നിരക്ക് കുറയുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇസ്രായേലും , ദക്ഷിണകൊറിയയും നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയില്‍ മരണം നാല്‍പതിനായിരം കടന്നു. രോഗികകളുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടിരിക്കുകയാണ്. ഏറ്റവും മോശം അവസ്ഥ തരണം ചെയ്തതായി ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോ പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രംഗത്തെത്തി. രോഗ നിര്‍ണയ മാര്‍ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും ഗവര്‍ണര്‍മാര്‍ വൈറ്റ് ഹൗസിന് മുന്നറിയിപ്പു നല്‍കി.

ആരാധനാലയങ്ങള്‍ക്കും കായിക മത്സരങ്ങള്‍ നടത്തുന്നതിനും ആണ് പ്രധാനമായും ദക്ഷിണ കൊറിയ ഇളവുകള്‍ ഏര്‍പ്പെടുത്തിയത്. അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ് കൂടുതല്‍ ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്ക് കുറയുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന് ഒടുവില്‍ ബ്രിട്ടന്‍ തുറന്ന് സമ്മതിച്ചു.

ഒരിക്കല്‍ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കണമെന്ന നിര്‍ദേശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. 16000ത്തിലേറെ പേര്‍ മരിച്ച ബ്രിട്ടനിലെ കെയര്‍ഹോമുകളില്‍ മാത്രം ഏഴായിരത്തിലധികം പേര്‍ മരിച്ചുണ്ടാകും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഫ്രാന്‍സില്‍ ആകെ 19000 പേര്‍ മരിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ കണ്ട് തുടങ്ങിയെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ് അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി നഴ്‌സിംഗ് ഹോമുകളില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കുമെന്നാണ് സൂചന.

ലെബനനില്‍ സ്ഥിതി 15 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനേക്കാള്‍ മോശമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഭാഗികമായി തുറന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പുറത്തു വിട്ട തടവുകാര്‍ക്ക് ഇറാന്‍ ഒരു മാസം കൂടി അവധി നീട്ടി നല്‍കി. അപകട സാധ്യത കുറഞ്ഞ ബിസിനസുകളും, ഫാക്ടറികളും വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കി. ലാറ്റിനമേരിക്കയില്‍ കൊവിഡ് ബാധ ഒരു ലക്ഷം കടന്നു.

ബ്രസീലിന് ശേഷം കൊവിഡ് കൂടുതല്‍ ബാധിച്ചത് പെറുവിനെയാണ്. ഇതുവരെ 15000ത്തിലധികം പേര്‍ക്കാണ് പെറുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 500 ലധികം പേര്‍ മരിക്കുകയും ചെയ്തു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. പോളണ്ടില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണം കൂടി. 24 മണിക്കൂറിനിടെ 545 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Top