ഓരോ ദിവസവും കൊറോണ വൈറസ് ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഇപ്പോഴിതാ ചൈനക്ക് പുറത്ത് 46 രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു.
ചൈനയില്‍ വൈറസ് ബാധിച്ച പുതിയ രോഗികളുടെ എണ്ണം കുറയുമ്പോള്‍ മറ്റുരാജ്യങ്ങളില്‍ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. നാല്പത്തിയേഴ് രാജ്യങ്ങളിലായി എണ്‍പത്തി രണ്ടായിരത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2902 പേര്‍ മരണത്തിന് കീഴടങ്ങി.
ഇറാനില്‍ 34 പേരും ഇറ്റലിയില്‍ 21 പേരും ദക്ഷിണ കൊറിയയില്‍13 പേരും വൈറസ് ബാധിച്ച് മരിച്ചു. നൈജീരിയ, മെക്‌സിക്കോ, ന്യൂസീലന്‍ഡ് അസര്‍ ബൈജാന്‍, എന്നീ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. മാത്രമല്ല ഇന്ന് മ്യാന്‍മറിലും വൈറസ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
കൊറോണ ഭീതിയെ തുടര്‍ന്ന് അടുത്തമാസം അമേരിക്കയില്‍ നടക്കാനിരുന്ന ആസിയാന്‍ ഉച്ചകോടി മാറ്റിവച്ചു. മാത്രമല്ല ബര്‍ലിനില്‍ മാര്‍ച്ച് നാലിന് തുടങ്ങേണ്ടിയിരുന്ന ലോകത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര മേളയായ ഐ.ടി.ബി ബര്‍ലിനും ഈ വര്‍ഷത്തെ ജനീവ ഇന്റര്‍നാഷണല്‍ കാര്‍ ഷോയും റദ്ദാക്കി.
വൈറസ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ജൂലൈയില്‍ ജപ്പാനില്‍ നടക്കേണ്ട ഒളിംപിക്‌സ് മാറ്റിവയ്ക്കാനും സാധ്യതയുണ്ട്.