ബെയ്ജിംഗ്: കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനും കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നതിനും മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ചൈന. ”ക്ലോസ് കോണ്‍ടാക്റ്റ് ഡിറ്റക്ടര്‍” എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്. സ്റ്ററ്റ് കൗണ്‍സില്‍ ജനറല്‍ ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍, ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ് കോര്‍പ്പറേഷനുകള്‍ (സിഇടിസി) എന്നിവരുടെ നേതൃത്വത്തിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ആരോഗ്യ കമ്മിഷന്‍, ഗതാഗത മന്ത്രാലയം, ചൈന റെയില്‍വേ, സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഏജന്‍സികള്‍ ആപ്ലിക്കേഷന് പിന്തുണ അറിയിച്ചിട്ടുമുണ്ട്. കൃത്യവും ആധികാരികവുമായ വിവരങ്ങള്‍ എത്തിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആപ്ലിക്കേഷന്‍ ഡെവലെപ്പേഴ്‌സ് പറഞ്ഞു.
അതേ സമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിച്ചു. ഇന്നലെ മാത്രം മരിച്ചത് 108 പേരാണ് എന്ന് വിവരം. ഇതില്‍ 103 പേര്‍ ഹ്യുബെ പ്രവശ്യയിലുള്ളവരാണ്. ഇതോടെ മരണസംഖ്യ ആയിരം കടന്നു. ഇന്ന് രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. 2,478 പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു.