ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായധനമെത്തിച്ച് ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍.
മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി പത്ത് കോടി രൂപയാണ് താരം യുഎസിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയിരിക്കുന്നത്. കൂടാതെ കൂടുതല്‍ പേരില്‍ നിന്നും സംഭാവനകള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രണ്ട്‌ലൈന്‍ റെസ്‌പോണ്ടേഴ്‌സ് എന്ന പേരിലൊരു ഫണ്ടും അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. സഹായധനം നല്‍കുന്നതോടൊപ്പം സാമൂഹിക അകലം പാലിക്കാനും വീടുകളില്‍ തന്നെ കഴിഞ്ഞുകൂടാനും ആരാധകരോട് നടന്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, വൈറസ് വ്യാപനം മൂലം ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവര്‍ക്കായി അമേരിക്കാസ് ഫുഡ് ഫണ്ട് എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം കൊടുത്തിരിക്കുകയാണ് നടന്‍ ലിയോണാര്‍ഡോ ഡീകാപ്രിയോയും.
ഒരുനേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരെയും ദിവസക്കൂലിക്കാരെയും സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെ ആശ്രയിച്ചുകഴിയുന്ന കുട്ടികളെയുമാണ് സംഘടന സഹായിക്കുന്നത്. ഇതിനോടകം 91 കോടിയോളം പണം സമാഹരിച്ചുകഴിഞ്ഞു. നേരത്തെ നടി ആഞ്ജലീന ജോളിയും ഇത്തരത്തില്‍ വലിയൊരു തുക സഹായമെത്തിച്ചിരുന്നു. അമേരിക്കയില്‍ ആകെ കൊറോണ മരണം 5000 കടന്നു. രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു.