ഐ.സി.എം.ആറിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് താല്‍കാലിക ആശ്വാസം!

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊറോണയുടെ കമ്മ്യൂണിറ്റി വ്യാപനമുണ്ടായതിന് തെളിവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് .

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് പരിശോധിച്ച ആയിരം സാമ്പിളുകളില്‍ നിന്ന് പുറത്തുവന്ന 500 ലധികവും നെഗറ്റീവായത് ആശ്വാസം പകരുന്നതാണെന്നും ബാക്കി ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

‘ഈ പഠനത്തില്‍ നിന്ന് കമ്മ്യൂണിറ്റി വ്യാപനം ഉണ്ടായതായി തെളിവുകളില്ല എന്നത് ആശ്വാസകരമാണ്’- ആരോഗ്യ പഠന വകുപ്പ് സെക്രട്ടറിയും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറലുമായ പ്രൊഫ. ഡോ. ബലറാം ഭാര്‍ഗവ പറഞ്ഞു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി രാജ്യത്താകമാനം 72 പരിശോധനാ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 10 ലക്ഷം പരിശോധനാ കിറ്റുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ത്തന്നെ കഴിയണമെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

കൊറോണ വ്യാപനം ഇന്ത്യയില്‍ രണ്ടാം ഘട്ടത്തിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ടം വലിയ വെല്ലുവിളി ആരോഗ്യ മേഖലയ്ക്ക് ഉണ്ടാക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു.

അതേസമയം,ഇന്നലെ മുംബയില്‍ ചികിത്സയിലിരിക്കെ 64 കാരന്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഡല്‍ഹിയിലും കര്‍ണാടകയിലുമായിരുന്നു നേരത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയിലായിരുന്നു ആദ്യ മരണം സ്ഥിരീകരിച്ചത്. രണ്ടാമത്തെ മരണം ഡല്‍ഹിയില്‍ ജാനക്പുരി സ്വദേശിനിയായ 69കാരിയുടേതും.

Top