മൂന്നാര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ വിട്ടയച്ച സംഭവത്തില്‍ റിസോര്‍ട്ടിന്റെ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിക്കുന്നതില്‍ ഗുരുതരമായ അലംഭാവം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവവികാസങ്ങളെ തുടര്‍ന്ന് വിദേശി താമസിച്ച ടീ കൗണ്ടി അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. മൂന്നാറില്‍ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിവിധ വകുപ്പുകളോടും വിശദീകരണം തേടിയിട്ടുണ്ട്.
കര്‍ശന നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സംഘമാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് നെടുമ്പാശ്ശേരിയില്‍ എത്തിയത്. സ്വകാര്യ ട്രാവല്‍ ഏജന്റിന്റെ ഒത്താശയോടെയാണ് വിദേശികള്‍ ഇവിടെനിന്നും കടന്നതെന്നാണ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും ലഭിച്ച വിവരം. സഹായിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.