പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി.
മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ മറ്റ് യാത്രക്കാരുമായി ഇടപഴകാന്‍ അനുവദിക്കാതെ പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍, എയറോബ്രിഡ്ജ്, ആരോഗ്യ പരിശോധന കൗണ്ടറുകള്‍ തുടങ്ങിയവ സ്ഥാപിക്കാനാണ് തീരുമാനം. മാത്രമല്ല ഇവിടെ നിന്നുള്ള വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ മടങ്ങിയ ശേഷം വിമാനത്താവളം അണുവിമുക്തമാക്കും.
അതേസമയം,പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചവര്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.
പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ ജീവനക്കാരുടേയും യാത്രക്കാരുടേയും വിവരങ്ങള്‍ യോഗം ശേഖരിച്ചു. ഇത് അതാത് ജില്ലകളിലെ ഡിഎംഒമാര്‍ക്ക് നല്‍കും. പത്തനംതിട്ട സ്വദേശികള്‍ എത്തിയ ഫെബ്രുവരി 29 ന് രാവിലെ വിമാനത്താവളത്തിലുണ്ടായിരുന്നവര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നു കളക്ടര്‍ ആവശ്യപ്പെട്ടു. മാത്രമല്ല വിദേശത്തുനിന്നെത്തുന്ന മുഴുവന്‍ യാത്രക്കാരെയും ഇപ്പോള്‍ പരിശോധിക്കുന്നുണ്ടെന്നും കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് പത്തനംതിട്ട ജില്ലയില്‍ 5 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്.
ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
നേരത്തെ മൂന്ന് പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളനുസരിച്ച് കേരളത്തിലാകമാനം 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.
ഇന്ത്യയില്‍ ഇതുവരെ 34 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കേസുകള്‍ കൂടി ആകുമ്പോള്‍ ഇത് 39 ആയി ഉയരും.