കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’ (No Time To Die)യുടെ പ്രദര്‍ശനം നീട്ടിവച്ചു. ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രമാണ് ‘നോ ടൈം ടു ഡൈ’. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ 10 ന് എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് നംവബര്‍ 25 ലേക്കാണ് മാറ്റിയിരിക്കുന്നത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ എഴുപതിനായിരം തിയറ്ററുകളാണ് അടഞ്ഞുകിടക്കുന്നത്. സൗത്ത് കൊറിയ, ഇറ്റലി എന്നിവടങ്ങളിലും സമാനമായ അന്തരീക്ഷമാണ്. ആഗോള കലക്ഷനെ ബാധിക്കുമെന്ന ഭീതിയാണ് റിലീസ് നീട്ടാന്‍ കാരണം. ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈക്കള്‍ ജി.വില്‍സണും ബാര്‍ബറ ബ്രോക്കോളിയുമാണ് ഇക്കാര്യം അറിയിച്ചത്. യുകെയില്‍ നവംബര്‍ 12 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. നോ ടൈം ടു ഡൈ ഉള്‍പ്പെടെ അഞ്ച് ബോണ്ട് ചിത്രങ്ങളിലാണ് ക്രെയ്ഗ് വേഷമിട്ടത്.