പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നലെ രാത്രിയോടെയാണ് ഇവരുടെ പരിശോധനാ ഫലം പുറത്ത് വന്നത്. ഇതോടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 30 പേരുടെയും പരിശോധനാഫലം നെഗറ്റീവായി.
അതാസമയം, ഇനി 80 പേരുടെ ഫലങ്ങള്‍ കൂടിയാണ് പുറത്തുവരാനുള്ളത്. ഇന്ന് 12 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി പുറത്തുവരുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിലെ പരിശോധനാഫലങ്ങള്‍ നെഗറ്റീവായതോടെ വീടുകളില്‍ ഐസൊലേഷനില്‍ തുടരാനാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ കൊറോണ ഇല്ലെന്ന് രണ്ടാമത് ഒരിക്കല്‍ കൂടി സ്രവ പരിശോധന നടത്തി സ്ഥിരീകരിച്ചാല്‍ മാത്രമേ പൂര്‍ണമായും ആശങ്കകള്‍ ഇല്ലാതാവുമെന്ന് കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.