തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധ ഏറ്റവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. ഇപ്പോഴിതാ ജില്ലയില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് അധികൃതര്‍ പുറത്ത് വിട്ടു.
കൊറോണ സ്ഥിരീകരിച്ച മൂന്ന് രോഗികളില്‍ രണ്ടു പേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ വിവരം ഉടന്‍ പുറത്തു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.
ചാര്‍ട്ടില്‍ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യവിഭാഗത്തിന്റെ നീരീക്ഷണത്തില്‍പ്പെടാതെ വന്നിട്ടുള്ള ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നത്.
ബന്ധപ്പെടേണ്ട നമ്പര്‍: 0471 -2466828, 0471-2730045, 0471-2730067.
ഒന്നാമത്തെ രോഗബാധിതൻ സഞ്ചരിച്ച സ്ഥലങ്ങൾ
1)മാർച്ച് 11 -പുലർച്ചെ 2.35ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ ഇറ്റലിയിൽനിന്ന് ദോഹ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. എയർപോർട്ടിലെ ഫോറിൻ എക്സ്ചേഞ്ചിലും എത്തി. മൂന്ന് മണിയോടെ ടാക്സിയിൽ വെള്ളനാടുള്ള വീട്ടിലേക്ക്.
2) രാവിലെ 11 മണിക്ക് ആംബുലൻസിൽ നെടുമങ്ങാട്ടെ ആശുപത്രിയിൽ. ഉച്ചക്ക് 12.10ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ.
3) 1.40ന് മെഡിക്കൽ കോളജിലെ സമുദ്ര മെഡിക്കൽസിൽ എത്തി. 1.50ന് മെഡിക്കൽ കോളജിന് സമീപത്തെ ജ്യൂസ് കടയിൽ.
4) രണ്ട് മണിക്ക് ഓട്ടോയിൽ വെള്ളനാടേക്ക്. 2.45ന് പേരൂർക്കടയിലെ ഭാരത് പെട്രോളിയം പമ്പിൽ കയറി.
5) മാർച്ച് 12ന് ഉച്ചക്ക് 1.30ന് ആംബുലൻസിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്.
രണ്ടാമത്തെ രോഗബാധിതൻ സഞ്ചരിച്ച സ്ഥലങ്ങൾ
1) മാർച്ച് 10ന് പുലർച്ചെ അഞ്ചിന് ലണ്ടനിൽ നിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ. 5.45ന് സ്വന്തം കാറിൽ പേട്ട കൈതമുക്കിലെ ആർടെക് സ്ക്വയർ ഫ്ലാറ്റിലേക്ക്.
2) മാർച്ച് 11ന് രാവിലെ എട്ടിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ. തുടർന്ന് ഒ.പി ടിക്കറ്റ് കൗണ്ടറിലും കാത്തിരിപ്പ് മേഖലയിലും നടന്നെത്തി. കോവിഡ് 19 കാത്തിരിപ്പ് മേഖലയിലുമെത്തി. പിന്നീട് ഐസൊലേഷൻ വാർഡിലേക്ക്.
3) 10.30ന് ജനറൽ ആശുപത്രിയിലെ പ്രധാന ഗേറ്റിൽ നിന്ന് ഓട്ടോയിൽ വഞ്ചിയൂർ വഴി കൈതമുക്കിലെ സഹകരണ ബാങ്കിന് മുൻവശത്തെ രണ്ട് കടകളിൽ. തുടർന്ന് ആർടെക് സ്ക്വയർ സെക്യൂരിറ്റി പോയിന്‍റിൽ. 10.45ന് ആർടെക് സ്ക്വയറിലെ 1ബി ഫ്ലാറ്റിൽ.
4) മാർച്ച് 13ന് വൈകീട്ട് നാലിന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ.