തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
വൈറസുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും രോഗബാധിത രാജ്യങ്ങളില്‍നിന്ന് വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായോ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോകത്ത് പല രാജ്യങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, രോഗ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ഫോണ്‍ മുഖേന ബന്ധപ്പെടേണ്ടതാമെന്നും ഇത്തരം യാത്രികരുടെ വിവരങ്ങള്‍ അറിയുന്നവരും ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് പത്തനംതിട്ട ജില്ലയില്‍ 5 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്.
ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
നേരത്തെ മൂന്ന് പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളനുസരിച്ച് കേരളത്തിലാകമാനം 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.
ഇന്ത്യയില്‍ ഇതുവരെ 34 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കേസുകള്‍ കൂടി ആകുമ്പോള്‍ ഇത് 39 ആയി ഉയരും.