പൗരന്മാരെ രക്ഷിക്കാം, ഇന്ത്യയുടെ സഹായ വാഗ്ദാനത്തില്‍ പ്രതികരിക്കാതെ പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ ഹുബേയ് പ്രവശ്യയിലുള്ള വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യ സഹായ വാഗ്ദാനം നല്‍കിയിരുന്നു.പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ പൗരന്മാരെ ഒഴിപ്പിക്കാമെന്നായിരുന്നു ഇന്ത്യയുടെ വാഗ്ദാനം.എന്നാല്‍ ഇന്ത്യ സഹായ വാഗ്ദാനം അറിയിച്ചിട്ടും പാക്കിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയുടെ മനുഷ്യത്വപരമായ സമീപനത്തോട് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണ വൈറസ് ബാധ നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ വുഹാനില്‍ കുടുങ്ങിയ 640 പേരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി പാക്കിസ്ഥാനെ സഹായിക്കാമെന്ന് അറിയിച്ചത്. എന്നാല്‍ ഇന്ത്യയുടെ വാഗ്ദാനത്തോട് പ്രതികരിക്കുന്നതില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടുവെന്ന് അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം അയല്‍ രാജ്യങ്ങള്‍ക്കും ഇന്ത്യ സഹായ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ മാലദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുറച്ചുപേര്‍ മാത്രമാണ് ഇന്ത്യയുടെ സഹായം സ്വീകരിച്ചത്. മാലദ്വീപില്‍ നിന്നുള്ള ഏഴു പൗരന്മാരെയും ഒരു ബംഗ്ലാദേശി പൗരനേയുമാണ് ഇന്ത്യ വുഹാനില്‍ നിന്ന് ഒഴിപ്പിച്ചത്. തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തിയതിന് മാലദ്വീപ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു.

വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പാക്കിസ്ഥാന്‍ വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറോണയുമായി തിരിച്ചെത്തുന്ന പാക് വിദ്യാര്‍ത്ഥികളെ ചികിത്സിക്കാനുള്ള സൗകര്യം പാകിസ്ഥാനില്‍ ഇല്ലെന്നാണ് ചൈനയിലെ പാക് അംബാസിഡര്‍ നാഗ്മാന ഹാഷ്മി വ്യക്തമാക്കിയിരുന്നത്.

നൂറുകണക്കിന് പാക്കിസ്ഥാനികളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. ഗുരുതരസാഹചര്യമായിട്ടും വേണ്ടരീതിയില്‍ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരേയും തയ്യാറായിട്ടില്ല. സ്വന്തം പൗരന്മാരെ നിരാകരിച്ച പാക്ക് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. തങ്ങളുടെ പൗരന്മാരോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയ പാക് പൗരന്മാര്‍ ഇക്കാര്യത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് മാതൃകയാണക്കണമെന്ന് ഇമ്രാന്‍ഖാനോട് പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. പാക്കിസ്ഥാന്‍ സര്‍ക്കാരിനെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു, ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കൊറോണ വൈറസ് ബാധിച്ച വുഹാന്‍ നഗരത്തില്‍ നിന്ന് പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാട് അതിന്റെ സഖ്യകക്ഷിയായ ചൈനയുമായുള്ള ‘ഐക്യദാര്‍ഢ്യ’ ത്തിന്റെ ഭാഗമാണ്. പാക് നിലപാട് കടുത്ത നീരസമാണ് വുഹാനില്‍ അകപ്പെട്ടവരില്‍ ഉണ്ടാക്കിയിരിക്കുന്നത്.

Top