തിരുവനന്തപുരം: കൊറോണ ഭീതിയില്‍ സംസ്ഥാനം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. നിലവില്‍ സംസ്ഥാനത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേരാണെന്നാണ് റാന്നി എംഎല്‍എം രാജു എബ്രഹാം പറയുന്നത്. ആദ്യഘട്ടത്തില്‍ കൊറോണയെ ഫലപ്രദമായി തടയാന്‍
കഴിഞ്ഞ ആരോഗ്യവകുപ്പിന് വെല്ലുവിളിയുയര്‍ത്തിയത് ഇറ്റലിയില്‍ നിന്നെത്തിയ ഈ മൂന്നംഗ കുടംബമാണെന്നും രാജു എബ്രഹാം പറഞ്ഞു. ഇവരെ കുറ്റപ്പെടുത്താന്‍ പാടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.
കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലതവണ വിമാനത്തില്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞ ഇവര്‍ ഖത്തറില്‍ നിന്ന് വന്നെന്ന് പറഞ്ഞാണ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് പുറത്ത് കടന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് വന്നവരേയും അവര്‍ തെറ്റിദ്ധരിപ്പിച്ചു. അപ്പോഴേയ്ക്കും ഇവര്‍ ആയിരത്തിലധികം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. എന്നാല്‍ ആ സമയത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ കാരണമാണ് രോഗ വ്യാപനം ഇത്രയെങ്കിലും പിടിച്ച് നിര്‍ത്താനായതെന്നും എംഎല്‍എ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും ലോകം മുഴുവനും കേരളത്തിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുമ്പോള്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ വിമര്‍ശന വിധേയമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ആരോഗ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല നടത്തിയ മീഡിയാ മാനിയ പരാമര്‍ശം പിന്‍വലിക്കണമെന്നും
ഒരുമിച്ച് നില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും രാജു എബ്രഹാം കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊറോണ വൈറസ് റാന്നി ,പത്തനംതിട്ട മേഖലകളെ വളരെയധികം ബാധിച്ചിരിക്കുന്നതായുംകാര്‍ഷിക വ്യാപാര മേഖലകളിലെ തകര്‍ച്ച പരിഹരിക്കാന്‍ കൂടി പ്രവര്‍ത്തനങ്ങളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.