തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതിയ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുന്നു

മുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുന്നു.
കൊറോണ നിരീക്ഷണത്തിലേക്ക് കൂടുതല്‍ പേരെത്തുന്ന സാഹചര്യത്തിലാണ് പുതിയ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കാന്‍ ഒരുങ്ങുന്നത്.

ഇപ്പോള്‍ സജ്ജമാക്കിയിട്ടുള്ള ഐസൊലേഷന്‍ വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിരീക്ഷണത്തിലുള്ളവരുമാണുള്ളത്. ഇവിടെ നിന്ന് നിരീക്ഷണത്തിലുള്ളവരെ പുതിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും.

ഇനി നിരീക്ഷണത്തിനായി പ്രവേശിപ്പിക്കപ്പെടുന്നവരെയെല്ലാം പുതിയ ഐസൊലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ മാത്രമായിരിക്കും നിലവില്‍ പ്രവര്‍ത്തിക്കുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക.

അതേസമയം സംസ്ഥാനത്ത് പുതുതായി കൊറോണ വൈറസ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.ഇവരില്‍ 2321 പേര്‍ വീടുകളിലും 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 190 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 118 എണ്ണം ആലപ്പുഴ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് അയച്ചത്. ഇതില്‍ 100 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Top