കൊറോണ; അതിര്‍ത്തികള്‍ കടന്നെത്തുന്ന ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് മൂലം അതീവ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തി കടന്ന് വരുന്ന എല്ലാ ട്രെയിനുകളിലും പരിശോധന ആരംഭിച്ചു. അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിക്കുന്നതോ അതിര്‍ത്തി കടന്നെത്തുന്നതോ ആയ ട്രെയിനുകളിലെ മുഴുവന്‍ യാത്രക്കാരെയുമാണു പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

യാത്ര അവസാനിപ്പിക്കുന്ന ട്രെയിനാണെങ്കില്‍ ആ സ്റ്റേഷനിലും അല്ലെങ്കില്‍ സംസ്ഥാനത്തേക്കു കടന്നശേഷമുള്ള ആദ്യ സ്റ്റേഷനിലും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആരോഗ്യ സംഘം പരിശോധന നടത്തുന്നത്. ട്രെയിനിന്റെ ഓരോ കോച്ചിലും പരിശോധന നടത്തുന്ന ഇവര്‍ ബോധവത്കരണവും നടത്തും.

ഇതിനുപുറമേ വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും പരിശോധന നടത്തുന്നുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 24 അതിര്‍ത്തി പോയിന്റുകളിലാണ് എസ്പിമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്.
രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചുമ, ജലദോഷം തുടങ്ങി മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച് ആരോഗ്യസ്ഥിതി ഉറപ്പുവരുത്തും.

Top