കൊറോണാവൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് ബംഗ്ലാദേശ്. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ വേശ്യാലയമാണ് 15 ദിവസത്തേക്ക് ബംഗ്ലാദേശി അധികൃതര്‍ അടച്ചുപൂട്ടിയത്. പുതിയ കൊറോണാവൈറസ് തടഞ്ഞുനിര്‍ത്താനുള്ള നടപടികളുടെ ഭാഗമാണ് ഈ അടച്ചുപൂട്ടല്‍.
മാരകമായ വൈറസിനെ നേരിടാന്‍ പ്രദേശത്തെ നിരവധി ബിസിനസ്സുകളും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ ഇതുവരെ 20 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാള്‍ മരിക്കുകയും ചെയ്തു. ‘കൊറോണാവൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ദൗലത്ദിയായിലെ വേശ്യാലയം അടപ്പിച്ചത്. ഏപ്രില്‍ 5 വരെ സന്ദര്‍ശകരെ സ്വീകരിക്കരുതെന്ന് ലൈംഗിക തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്’, പ്രാദേശിക പോലീസ് മേധാവി അഷിഖുര്‍ റഹ്മാന്‍ വ്യക്തമാക്കി.
തൊഴില്‍ നഷ്ടപ്പെടുന്ന ലൈംഗിക തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കാന്‍ 32 മെട്രിക് ടണ്‍ അരിയാണ് ഭരണകൂടത്തോട് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ലൈംഗിക തൊഴില്‍ മുസ്ലീം രാജ്യമായ ബംഗ്ലാദേശില്‍ നിയമവിരുദ്ധമാണെങ്കിലും ഈ വ്യാപാരത്തില്‍ പോലീസ് ഇടപെടാറില്ല. നൂറ്റാണ്ടുകളായി രാജ്യത്ത് ഈ തൊഴില്‍ സജീവവുമാണ്.
രാജ്യത്ത് വിവിധ ഭാഗങ്ങളിലുള്ള ലൈംഗിക കച്ചവടങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് പത്മ നദിയുടെ തീരത്തുള്ള ദൗലത്ദിയായിലെ വേശ്യാലയം. 1500ഓളം ലൈംഗിക തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. കൊറോണാവൈറസിനെ നേരിടുന്ന ഉത്തരവ് തൊഴിലാളികള്‍ അംഗീകരിച്ചത് പോലെ ഈ സമയത്ത് ഇവരെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റിയുടെ മേധാവി ജുമുര്‍ ബീഗം ആവശ്യപ്പെട്ടു.