ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) വര്‍ധന ഒന്നര വര്‍ഷത്തേക്ക് മരവിപ്പിച്ചു.
കഴിഞ്ഞ ജനുവരി മുതല്‍ ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ച് 21 ശതമാനമാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതാണ്. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് 2021 ജൂലൈ ഒന്നു വരെ 17 ശതമാനം തന്നെയാണ് തുടര്‍ന്നും ലഭിക്കുക.
നാണ്യപ്പെരുപ്പം വഴിയുള്ള അധികചെലവ് പരിഹരിക്കുന്നതിനാണ് ശമ്പളത്തിനൊപ്പം ഡി.എ നല്‍കുന്നത്. ശമ്പള കമീഷന്‍ ശിപാര്‍ശ പ്രകാരം ജനുവരി, ജൂലൈ മാസങ്ങളില്‍ ക്ഷാമബത്ത പുതുക്കണം. ഇതനുസരിച്ചാണ് 21 ശതമാനമാക്കാന്‍ കഴിഞ്ഞ മാസം മന്ത്രിസഭ തീരുമാനിച്ചത്.
ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി. ഇതു മരവിപ്പിക്കുന്നതോടെ 2020 ജനുവരി, ജൂലൈ, 2021 ജനുവരി മാസങ്ങളിലെ ഡി.എ വര്‍ധനയാണ് മുടങ്ങുന്നത്. 2021 ജൂലൈ ഒന്നു മുതല്‍ ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതില്‍ തീരുമാനമെടുക്കുമ്പോള്‍ ഈ സാഹചര്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
ഡി.എ മരവിപ്പിക്കല്‍ വഴിയുള്ള പണം കോവിഡ് പ്രതിരോധത്തിന് ചെലവാക്കും. സംസ്ഥാനങ്ങള്‍ കൂടി നടപ്പാക്കിയാല്‍ 1.20 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ സര്‍ക്കാര്‍ ലാഭിക്കുന്നത്. ഇതില്‍ കേന്ദ്ര ഡി.എ വര്‍ധന നല്‍കാതിരിക്കുക വഴിയുള്ള ലാഭം 37,350 കോടി.48.34 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെയും 65.26 ലക്ഷം പെന്‍ഷന്‍കാരെയും ബാധിക്കുന്നതാണ് തീരുമാനം. ചെലവു ചുരുക്കലിന്റെ ഭാഗമായി നേരത്തെ എം.പി ഫണ്ട് രണ്ടു വര്‍ഷത്തേക്ക് മരവിപ്പിച്ചിരുന്നു. രാഷ്ട്രപതി, മന്ത്രിമാര്‍, എം.പിമാര്‍ എന്നിവരുടെയും ശമ്പളം കുറച്ചിരുന്നു.