ഛത്തീസ്ഗണ്ഡ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗണ്ഡിലെ വിവിധ ജയിലുകളില്‍ നിന്നായി 1478 തടവുകാരെ വിട്ടയച്ചു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇവരെ വിട്ടയച്ചത്. ഇവരില്‍ ജാമ്യം ലഭിച്ചവരും പരോള്‍ ലഭിച്ചവരും ശിക്ഷാ കാലാവധി അവസാനിച്ചവരും ഉള്‍പ്പെടുന്നതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
1478 പേരില്‍ 427 പേരെ പുറത്ത് വിട്ടിരിക്കുന്നത് മൂന്നു മാസത്തില്‍ താഴെയുള്ള ഇടക്കാല ജാമ്യത്തിലാണ്. 742 പേര്‍ക്ക് മൂന്ന് മാസത്തില്‍ കൂടുതല്‍ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. 262 പേര്‍ക്ക് പരോളും 46 പേര്‍ ശിക്ഷാ കാലാവധി അവസാനിച്ചതിന്റെ പേരിലുമാണ് വിട്ടയച്ചിരിക്കുന്നത്.
കൊവിഡ് 19 ബാധയ്‌ക്കെതിരെയുളള മുന്‍കരുതല്‍ തടവുകാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായി കൈ കഴുകുന്നുണ്ടോ, മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ഉറപ്പു വരുത്തണം. സംസ്ഥാനത്തെ എല്ലാ ജയിലധികാരികളോടും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.