അമേരിക്കയില്‍ കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പിടികിട്ടാതെ കുതിച്ചുയരുന്നു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 34,000 തൊട്ടതിന് പുറമെ നാനൂറിലേറെ പേരുടെ ജീവനാണ് രോഗബാധയില്‍ പൊലിഞ്ഞത്. മൂന്നിലൊന്ന് അമേരിക്കക്കാരോടും വീടുകളില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ഇതാണ് അവസ്ഥ.
കൊവിഡ്19 ബാധിക്കുന്ന പുതിയ കേസുകള്‍ കണക്കാക്കുന്ന വെബ്‌സൈറ്റ് വേള്‍ഡോമീറ്റര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ചുരുങ്ങിയത് 33,456 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കെന്റക്കിയില്‍ നിന്നുള്ള റിപബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ ഉള്‍പ്പെടെയുള്ളവരാണ് പട്ടികയില്‍ പെട്ടിരിക്കുന്നത്. ഇതിനിടെ മരണസംഖ്യ 419 ആയാണ് ഉയര്‍ന്നത്.
കൊറോണാവൈറസ് പോസിറ്റീവായ ആദ്യത്തെ സെനറ്ററാണ് പോള്‍. ഇദ്ദേഹം ഇപ്പോള്‍ ക്വാറന്റൈനിലാണ്. അതേസമയം അമേരിക്കയിലെ മൂന്ന് സുപ്രധാന കൊറോണാവൈറസ് ഹോട്ട്‌സ്‌പോട്ടുകളായി ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ എന്നിവിടങ്ങള്‍ തിരിച്ചറിഞ്ഞതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. പട്ടികയില്‍ ന്യൂയോര്‍ക്കാണ് ഒന്നാം സ്ഥാനത്ത്, 15000ല്‍ ഏറെ സ്ഥിരീകരിച്ച കേസുകളാണ് ഇവിടെയുള്ളത്. 24 മണിക്കൂറില്‍ 5418 പുതിയ കേസുകളാണ് കൂട്ടിച്ചേര്‍ത്തത്.
114 പേരാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. ഇതില്‍ 58 പേര്‍ ഒരു ദിവസമാണ് മരിച്ചത്. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന്റെ വക്കിലാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. അടുത്ത 10 ദിവസത്തില്‍ അടിയന്തര മരുന്നുകളുടെ ലഭ്യതയില്‍ പ്രധാന കുറവ് വരുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനൊപ്പം വെന്റിലേറ്ററുകളുടെ എണ്ണം ഉയര്‍ന്നില്ലെങ്കില്‍ ആളുകള്‍ മരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്കിന് അവശ്യ വസ്തുക്കള്‍ എത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. കൂടാതെ ആയിരം ബെഡുള്ള നാല് ഫെഡറല്‍ മെഡിക്കല്‍ സ്റ്റേഷനുകള്‍ ന്യൂയോര്‍ക്കിന് നല്‍കാന്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.