കൊറോണയില്‍ നിന്നും മനുഷ്യരാശി രക്ഷപ്പെട്ടേക്കും; പക്ഷെ ‘ഇവര്‍’ അപകടത്തില്‍!

പുതിയ കൊറോണാവൈറസ് ജീവികളില്‍ നിന്നും മനുഷ്യരിലേക്ക് പ്രവേശിച്ച് ആഘോഷം തീര്‍ക്കുകയാണ്. മനുഷ്യന്‍ രോഗമുക്തി നേടിയും, പ്രതിരോധിച്ചും നില്‍ക്കുമ്പോഴും ഈ വൈറസ് മനുഷ്യന്റെ അടുത്ത ബന്ധുക്കളായ ചിമ്പാന്‍സി, ഗൊറില്ല, തുടങ്ങിയ വലിയ കുരങ്ങുകള്‍ക്ക് മേല്‍ വിനാശകരമായി ഭവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ ഭയക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഈ വലിയ കുരങ്ങ് വര്‍ഗ്ഗത്തിന് മനുഷ്യനില്‍ പ്രവേശിച്ച കൊവിഡ്19 വൈറസ് ഇന്‍ഫെക്ഷന്‍ പിടിപെടുമെന്നതിന് തെളിവുകള്‍ നിലവിലില്ല.

എന്നാല്‍ മനുഷ്യന്റെ ഈ മുന്‍ഗാമികള്‍ മാനുഷികമായ ശ്വാസകോശ രോഗങ്ങള്‍ക്ക് വശംവദരാകുമെന്നും, ഇത് ചിലപ്പോള്‍ ഗുരുതരമായി മാറുമെന്നും 25 രോഗ ഗവേഷകരും, കണ്‍സര്‍വേഷനിസ്റ്റുകളും, മറ്റ് വിദഗ്ധരും ചേര്‍ന്ന് നേച്ച്വര്‍ മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരെ രോഗബാധിതരാക്കിയതായി കണ്ടെത്തിയ പല വൈറസുകളും നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുരങ്ങുവര്‍ഗ്ഗത്തെ കൊന്നൊടുക്കിയിട്ടുണ്ട്.

മനുഷ്യരില്‍ ചെറിയ രോഗം വരുത്തുന്ന നിരവധി ശ്വാസകോശ രോഗങ്ങള്‍ ഇവയുടെ മരണത്തില്‍ കലാശിക്കുന്നതായി എമോറി യൂണിവേഴ്‌സിറ്റി ഡിസീസ് എക്കോളജിസ്റ്റര്‍ തോമസ് ഗില്ലസ്പി പറയുന്നു. വാസസ്ഥലം നഷ്ടമാകുന്നതും, വേട്ടയുമാണ് വലിയ കുരങ്ങുകള്‍ ഇല്ലാതാകുന്നതില്‍ പ്രധാന കാരണം. ഇതിന് പുറമെയാണ് രോഗങ്ങളും മറ്റൊരു കാരണമായി മാറുന്നത്, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വന്യ കുരങ്ങ് വര്‍ഗ്ഗങ്ങള്‍ വസിക്കുന്ന രാജ്യങ്ങള്‍ വൈല്‍ഡ്‌ലൈഫ് ടൂറിസവും, ഫീല്‍ഡ് റിസേര്‍ച്ചും കുറയ്ക്കണമെന്നാണ് ലേഖനം ആവശ്യപ്പെടുന്നത്. എന്നാല്‍ വേട്ടയും, വനനശീകരണവും പോലുള്ള അപകടം തടയാന്‍ അധിക ജീവനക്കാരെ നിയോഗിക്കുകയും വേണം. ഗാബോണ്‍, റുവാണ്ട തുടങ്ങിയ രാജ്യങ്ങള്‍ ടൂറിസം റദ്ദാക്കി, അതിര്‍ത്തികള്‍ അടച്ചും, വിമാനങ്ങള്‍ റദ്ദാക്കിയും അന്താരാഷ്ട്ര യാത്രകള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍ വിമാന ടിക്കറ്റിന്റെ വില കുറയുന്ന സാഹചര്യത്തില്‍ കാടുകാണാന്‍ എത്തുന്ന കൊവിഡ്19 ലക്ഷണങ്ങളുള്ള യുവ യാത്രക്കാരുടെ എണ്ണമേറുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. ഇതിനാല്‍ വലിയ കുരങ്ങുകളില്‍ നിന്നും 33 അടി അകലം മനുഷ്യര്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും വിലക്കണം. കൊവിഡ്19 നേരിട്ട് വലിയ കുരങ്ങുകളെ ബാധിക്കുന്ന അവസ്ഥയിലേക്ക് നയിക്കരുതെന്നാണ് ഗവേഷകര്‍ ആഗ്രഹിക്കുന്നത്.

Top