താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ ലാ ലിഗ; അനുമതി നല്‍കി സ്പാനിഷ് കായിക മന്ത്രാലയം

മാഡ്രിഡ്: ക്ലബ്ബുകള്‍ക്ക് ഫുട്ബോള്‍ താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനുള്ള ലാ ലിഗ അധികൃതരുടെ പദ്ധതിക്ക് സ്പാനിഷ് കായിക മന്ത്രാലയം അംഗീകാരം നല്‍കി.

കായിക മന്ത്രാലയവും ലാ ലിഗ, സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍, സ്പാനിഷ് ഫുട്ബോളേഴ്സ് അസോസിയേഷന്‍, മുന്‍നിര ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

കോവിഡ് -19 പാന്‍ഡെമിക് മൂലം താത്കാലികമായി നിര്‍ത്തിവെച്ച ലാ ലിഗ സീസണ്‍ ജൂണില്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അതിനാല്‍ താരങ്ങളെ ക്ലബ്ബുകള്‍ക്ക് പരിശീലനത്തില്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. ഇതിനു മുമ്പ് ക്ലബ്ബുകള്‍ക്ക് താരങ്ങളെ കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ക്ലബുകളിലെ വൈദ്യസംഘത്തിനാണ് ഈ പരിശോധന നടത്താനുള്ള അനുവാദമുള്ളത്.

Top