ബെയ്ജിങ്: അനുദിനം പടര്‍ന്നുപിടിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ലോകത്തിന് തന്നെ ഗുരുതര ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന. ചൈനയില്‍ മാത്രം ആയിരത്തിലേറെ ജീവനാണ് കൊറോണ വൈറസ് കവര്‍ന്നത്. വൈറസ് സാമ്പിളുകള്‍ പരസ്പരം കൈമാറി പഠനങ്ങള്‍ നടത്താനും വാക്‌സിന്‍ കണ്ടെത്താന്‍ ഗവേഷണങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
”99 ശതമാനം കേസുകളും കണ്ടെത്തിയ ചൈനക്ക് ഇപ്പോഴത്തേത് അടിയന്തര സാഹചര്യമാണെങ്കില്‍ മറ്റു രാജ്യങ്ങള്‍ക്ക് ഇത് ഗുരുതര ഭീഷണിയുടെ സമയമാണെന്ന്, ചൈന-തായ്‌വാനില്‍നിന്നുള്ള ഗവേഷകരെയും ഉദ്യോഗസ്ഥരെയും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്ത് ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ട്രെഡ്രോസ് അഡാനം ഗബ്രിയേഷ്യസ് മുന്നറിയിപ്പു നല്‍കി.
ഇതിനിടെ, മരണസംഖ്യ തുടരുന്നതിനിടയില്‍ ചൈനയില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തരം താഴ്ത്തി. വൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഹുബെ ആരോഗ്യ കമ്മീഷന്‍ തലവന്‍ അടക്കം നിരവധി പേരെ തരംതാഴ്ത്തി. അതേസമയം, രോഗവ്യാപനത്തിന്റെ നിരക്ക് കുറയുന്നതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ വൈറസ് വ്യാപനം പാരമ്യതയില്‍ കുറച്ചു നാള്‍ തുടരുമെന്നും ശേഷം കുറയാനാണ് സാധ്യതയെന്നും ചൈനയിലെ പ്രമുഖ പകര്‍ച്ചവ്യാധി ഗവേഷണ വിദഗ്ധന്‍ അഭിപ്രായപ്പെട്ടു. ചില പ്രവിശ്യകളില്‍ അവസ്ഥ മെച്ചപ്പെട്ടുവരുന്നുണ്ടെന്നും സാര്‍സ് വൈറസ് നിയന്ത്രണത്തില്‍ മുഖ്യ പങ്കുവഹിച്ച സോങ് നാന്‍ഷാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.