65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക് കൊറോണ; പ്രതിരോധ നടപടി ശക്തമാക്കി ലോകരാജ്യങ്ങള്‍

വാഷിങ്ടണ്‍: 65 രാജ്യങ്ങളിലായി കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മൊത്തം മരണം 3000ആയി. ലോകത്ത് 87,652 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ശക്തമായ പ്രതിരോധനടപടികളിലേക്ക് നീങ്ങുകയാണ്. 69 പേര്‍ക്ക് രോഗംബാധിച്ച യു.എസില്‍ കഴിഞ്ഞദിവസം ഒരാള്‍ മരിച്ചു. ഇതേത്തുടര്‍ന്ന് ട്രംപ് ഭരണകൂടം യാത്രാനിരോധനം കൂടുതല്‍ കര്‍ശനമാക്കി.

ദക്ഷിണകൊറിയയില്‍ 3736 പേര്‍ക്കാണ് രോഗബാധ. 20 പേര്‍ മരിച്ചു. ചൈനയ്ക്കും ദക്ഷിണകൊറിയയ്ക്കും പുറമേ ഇറ്റലിയിലും രോഗബാധിതര്‍ ആയിരം കടന്നു. അവിടെ 1128 രോഗികളില്‍ 29 പേരും ഇറാനില്‍ 978-ല്‍ 54 പേരും മരിച്ചതോടെ ലോകാരോഗ്യസംഘടനയും കര്‍ശന ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

ഇറാന്‍, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് യു.എസ്. കര്‍ശന യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 14 ദിവസം ഇറാനില്‍ താമസിച്ചവര്‍ക്കും യു.എസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതായി യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ വൈറസ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പും നല്‍കി.

Top