കൊറോണാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്‍പതിലേക്ക് കുതിച്ചുയര്‍ന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ പുതിയ 24 പേരുടെ മരണം കൂടിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വൈറസ് പിടിപെട്ട പുതിയ 400 കേസുകള്‍ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പ് തന്നെ വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നതായാണ് ഇതോടെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വൈറസിന്റെ ശക്തി വര്‍ദ്ധിച്ചതായി ആരോഗ്യ മന്ത്രി മാ സിയാഒവെയ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 14 ദിവസത്തെ ഇന്‍കുബേഷന്‍ കാലയളവില്‍ തന്നെ രോഗം വ്യക്തികളില്‍ നിന്നും മറ്റുള്ളവരിലേക്ക് പടരാം, മന്ത്രി സ്ഥിരീകരിച്ചു. രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 2744 ആയി ഉയര്‍ന്നു. ഹുബെയിക്ക് പുറത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആശ്വസിക്കാവുന്ന റിപ്പോര്‍ട്ട്. ഇന്‍ഫെക്ഷന്‍ പിടിപെട്ടവരുടെ എണ്ണത്തില്‍ 769 പേരുടെ വര്‍ദ്ധനവുണ്ട്. ഇതില്‍ പകുതിയിലേറെ പേരും ഹുബെയില്‍ നിന്നുള്ളവരാണാണെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പറഞ്ഞു.
ഇന്‍ഫെക്ഷന്‍ പിടിപെട്ട 461 പേരുടെ നില ഗുരുതരമാണെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. പ്രഭവകേന്ദ്രം പൂര്‍ണ്ണമായി അടച്ച് ശ്വാസകോശ വൈറസ് മറ്റുള്ളവരിലേക്ക് കൈമാറുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് നഗരത്തിലെ 11 മില്ല്യണ്‍ വരുന്ന ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. പുതിയ വൈറസ് ബാധ ലോകത്തിന് തന്നെ ആശങ്കയായി മാറിയിട്ടുണ്ട്. 2002-2003 വര്‍ഷത്തില്‍ ചൈനയിലും, ഹോങ്കോംഗിലുമായി നൂറുകണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്) പകര്‍ച്ചരോഗാണുവുമായി പുതിയ വൈറസിന് ഏറെ സാമ്യങ്ങളുണ്ട്.
പ്രഭവകേന്ദ്രത്തിന് പുറത്ത് കര്‍ശനമായ യാത്രാ വിലക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബീജിംഗ്, ഷാന്‍കായി, സിയാന്‍, ടിയാന്‍ജിന്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുകയും, പ്രവേശിക്കുകയും ചെയ്യുന്ന ദീര്‍ഘദൂര ബസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ചൈനീസ് കലണ്ടര്‍ അനുസരിച്ച് പുതുവര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് വൈറസ് ജനങ്ങളുടെ ജീവനെടുക്കുന്നത്.