തിങ്കളാഴ്ച നൂറ് തികച്ചു; കൊറോണയില്‍ മരണം 1000 കടന്നു; പിടിച്ചുകെട്ടാന്‍ ഡബ്യുഎച്ച്ഒ ചൈനയില്‍

കൊറോണാവൈറസ് പകര്‍ച്ചവ്യാധിയില്‍ മരണസംഖ്യ ആയിരം കടന്നു. ആഗോള തലത്തിലെ മരണങ്ങളില്‍ ഭൂരിഭാഗവും ചൈനയില്‍ തന്നെയാണ്. ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണ് ഈ വിവരം സ്ഥിരീകരിച്ചത്. ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ തിങ്കളാഴ്ച മാത്രം 103 പേരാണ് മരിച്ചത്. ഡിസംബറില്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ 24 മണിക്കൂറില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലെ റെക്കോര്‍ഡാണ് ഈ മരണസംഖ്യ.

ദിവസങ്ങള്‍ക്ക് ശേഷം ചൈനയെ സഹായിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധരും ശാസ്ത്രജ്ഞരും എത്തിച്ചേര്‍ന്ന ദിവസം തന്നെയാണ് ഈ റെക്കോര്‍ഡ് കുറിച്ചത്. കൊറോണയെ പിടിച്ചുനിര്‍ത്താനും പഠിക്കാനും ലക്ഷ്യമിട്ടാണ് ഈ സംഘം എത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ 42,729 പേരെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ വുഹാനില്‍ ആദ്യമായി ഒരു അമേരിക്കന്‍ വംശജന്റെ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടുത്തെ മാര്‍ക്കറ്റില്‍ നിന്നും വിറ്റ മാംസത്തില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗബാധ എത്തിയതെന്നാണ് കരുതുന്നത്.

ചുരുങ്ങിയത് 24 രാജ്യങ്ങളിലാണ് ഇപ്പോള്‍ വൈറസ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് രണ്ട് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജപ്പാനില്‍ ഒരു യാത്രാകപ്പലാണ് പൂര്‍ണ്ണമായും ക്വാറന്റൈന്‍ ചെയ്ത് നിര്‍ത്തിയിരിക്കുന്നത്. ഇതില്‍ ചുരുങ്ങിയത് 136 പേര്‍ക്കെങ്കിലും കൊറോണ ബാധിച്ചതായാണ് കരുതുന്നത്. ഇതില്‍ 23 അമേരിക്കക്കാരും ഉള്‍പ്പെടും. അതേസമയം ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. യാത്രാവിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം പിടിച്ചുകെട്ടിയ നിലയിലാണ്.

എന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്‌നം അവസാനിച്ചിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് നിലവിലെ അവസ്ഥയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെറിയ തോതിലോ, തീര്‍ത്തും രോഗലക്ഷണങ്ങള്‍ കാണിക്കാതെയും ഇരിക്കുന്നവരെ പരിശോധിക്കാത്തതിനാല്‍ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. ചൈനയില്‍ ചികിത്സയിലുള്ള 7300ലേറെ രോഗികളുടെ സ്ഥിതി ഗുരുതരമാണ്.

Top