ജനീവ: കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ചൈനയില്‍ നടത്തിയ പരീക്ഷണത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഭൂരിപക്ഷം ശാസ്ത്രലോകവും നിരന്തരം ആവര്‍ത്തിക്കുന്നതിനിടയിലാണ് വീണ്ടും അന്വേഷണമാകാമെന്ന നയത്തിലേക്ക് തിരികെ എത്തുന്നത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ലോര്‍ഡ് റിഡ്ലേയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടോളം വൈറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് ലോകാരോഗ്യ സംഘടനയ്ക്കെതിരെ കടുത്ത അതൃപ്തിയും ഞെട്ടലും രേഖപ്പെടുത്തിയത്. ആദ്യ അന്വേഷണം തെറ്റാണെന്ന് ഇപ്പോള്‍ ലോകാരോഗ്യസംഘടന സമ്മതിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചൈനയിലെ വുഹാനിലടക്കം ലോകാരോഗ്യസംഘടന പരിശോധനാ നടത്തിയിരുന്നു. ഫലം അന്തിമമാണെന്നും വവ്വാലുകള്‍ പോലുള്ള സസ്തനികളില്‍ നിന്നുമാണ് കൊറോണയുണ്ടായതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ലോകാരോഗ്യസംഘടനയുടെ വാദം അന്നേതന്നെ ശാസ്ത്രലോകത്തിന്‍റെ കടുത്ത എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. പന്ത്രണ്ട് ലോകരാജ്യങ്ങളിലെ വൈറോളജി കേന്ദ്രങ്ങള്‍ ചൈനയെ ഇന്നും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ മലക്കംമറിച്ചില്‍.
“ചൈനയില്‍ ലോകാരോഗ്യസംഘടന നടത്തിയെന്ന് പറയുന്ന പരിശോധനകള്‍ പരിഹാസ്യമാണ്. ഒരു പ്രധാന സാമ്പിളുകളും ശേഖരിക്കാന്‍ ചൈന അവസരം നല്‍കിയില്ല. വുഹാനിലെ യാഥാര്‍ത്ഥ ലാബാണോ സന്ദര്‍ശിച്ചതെന്ന് വ്യക്തമല്ല. കൊറോണ വ്യാപനം നടന്നശേഷം ഒരു വര്‍ഷംകൊണ്ടുതന്നെ ചൈന വുഹാനെ അടിമുടി മാറ്റി മാറിച്ചുകഴിഞ്ഞു. ലാബിലുണ്ടായിരുന്ന ആദ്യഘട്ടത്തിലെ ശാസ്ത്രജ്ഞരുമല്ല നിലവില്‍ ജോലിചെയ്യുന്നത്. ഇവരെയെല്ലാം മാറ്റിയിരിക്കുകയാണ്. “ലോര്‍ഡ് റിഡ്ലേ ചൂണ്ടിക്കാട്ടി.ലോകാരോഗ്യസംഘടനാ പ്രതിനിധികളെ കടുത്ത ഭാഷയിലാണ് ശാസ്ത്രലോകം വിമര്‍ശിക്കുന്നത്.