ന്യൂഡല്‍ഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജപ്രചാരണം നടത്തുന്നതായി കണ്ടെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലാണ് വ്യാജ പ്രചാരണം.
കൊറൊണവൈറസ് സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്നറിയിപ്പുകള്‍ സംബന്ധിച്ചാണ് വ്യാജപ്രചാരണം നടന്നത്. ഡോ. ശരദ് കസര്‍ലെ എന്നയാളുടെ പേരില്‍ ജനുവരി 28നാണ് പ്രചാരണം തുടങ്ങിയത്. കൊറോണയെ സംബന്ധിച്ചുള്ള വ്യാജ വിവരങ്ങളും ലക്ഷണങ്ങളും നിര്‍ദേശങ്ങളുമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ 11 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നും പ്രചാരണത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു പ്രചാരണം തങ്ങള്‍ ഇറക്കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം മാത്രമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. ഈ നിര്‍ദേശത്തെ വളച്ചൊടിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയത്.
ജനുവരി 17നാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ജനുവരി 25ന് നിര്‍ദേശം വീണ്ടും പുതുക്കി. കൊറോണവൈറസ് മനുഷ്യരില്‍ നിന്ന് പകരുമെന്ന വിവരം ലഭിച്ചതിന് ശേഷമാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്. ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചെങ്കില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചുള്ള 264 പേജ് ഡോക്യുമെന്റും കേന്ദ്രം പുറത്തിറക്കിയിരുന്നു.