തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും. ആദ്യ ദിനം നാല് വിമാനങ്ങള്‍ കേരളത്തിലെത്തും. 800 പേരെ തിരിച്ചെത്തിക്കുമെന്നാണ് വിവരം.
രണ്ടെണ്ണം യുഎഇയില്‍ നിന്നും ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഓരോ വിമാനങ്ങളും സര്‍വീസ് നടത്തും.അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചി വിമാനത്താവളത്തിലേക്കും ദുബൈയില്‍ നിന്നുള്ള വിമാനം കോഴിക്കോടേക്കും എത്തും.
ഒരാഴ്ചക്കുള്ളില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാന്‍ 84 വിമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങി 12 രാജ്യങ്ങളില്‍ നിന്ന് 10 സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. 14800 ഓളം പേരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ലഭിച്ചുള്ള റിപ്പോര്‍ട്ടുകളനുസരിച്ചാണിത്.
പ്രവാസി ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ നാവികസേനയുടെ നാല് കപ്പലുകളും പുറപ്പെട്ടു കഴിഞ്ഞു. ദുബൈയിലേക്കും മാലിദ്വീപിലേക്കുമായി രണ്ട് കപ്പലുകള്‍ വീതമാണ് പുറപ്പെട്ടത്. കപ്പലുകള്‍ ദുബൈയില്‍ വ്യാഴാഴ്ച വൈകീട്ടെത്തും. എട്ടാം തീയതി മടങ്ങിയേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന.