ന്യൂഡല്‍ഹി: ലോക്ഡൗണുകള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രക്രിയയെ നേരിട്ടു ബാധിക്കുമെന്ന് ആര്‍ബിഐ. രാജ്യാന്തര ഉത്പാദനം, വിതരണം, വ്യാപാരം, ടൂറിസം എന്നീ മേഖലകളില്‍ ഉണ്ടായിട്ടുള്ള അസ്ഥിരത ചെറുകിട സാമ്പത്തിക രംഗത്തെ ഇരുളടഞ്ഞതാക്കുമെന്ന് ധന നയ റിപ്പോര്‍ട്ടില്‍ ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിനെയും ഇതു ബാധിക്കും.
കൊറോണ വൈറസ് രാജ്യത്തിന്റെ ഭാവിയെ ഒരു പിശാചിനെപ്പോലെ പേടിപ്പെടുത്തിക്കൊണ്ടിരിക്കുമെന്നാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ്. ലോകം സാമ്പത്തികമാന്ദ്യത്തിലേക്കു പോകാന്‍ സാധ്യതയുണ്ടെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പു നല്‍കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ഡൗണ്‍ 16-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് ആര്‍ബിഐ പുറത്തുവിട്ടത്.
സാമ്പത്തിക രംഗത്തെ രാജ്യത്തിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ കോവിഡ് വ്യാപനത്തോടെ മാറിമറിയും. കോവിഡിന്റെ തീവ്രതയും വ്യാപനവും കാലദൈര്‍ഘ്യവും വിലയിരുത്തുകയാണെന്നും ആര്‍ബിഐ അറിയിച്ചു. ഭക്ഷ്യവസ്തുക്കള്‍ക്കു വിലകുറയാനും ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്കു വില കൂടാനുമാണ് സാധ്യതയെന്ന് ആര്‍ബിഐ ചൂണ്ടികാട്ടുന്നു.