ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിത മരണം കൂടുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. പ്രശസ്ത ചേരിയായ ധാരാവിയിലടക്കം മരണം സ്ഥിരീകരിച്ചു. ചേരിയില്‍ രോഗം ബാധിച്ച് 56 കാരനാണ് മരിച്ചത്. ഇയാളുടെ ബന്ധുക്കളെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ഇവിടെ ഒരു കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ മുംബൈയില്‍ കൊവിഡ് ബാധിച്ച് 51 കാരനും മരിച്ചിരുന്നു. ആകെ 16 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. ചേരികളില്‍ രോഗം പടരുന്നത് ആശങ്കയോടെയാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്. മഹാരാഷ്ട്രയില്‍ ഇന്ന് 33 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം ഇതോടെ 335 ആയി.
ഗുജറാത്തില്‍ അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 87 ആയി. ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 67 പേര്‍ക്കാണ്. തമിഴ്‌നാട്ടില്‍ 110 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. നിസാമുദ്ദീനില്‍ നിന്ന് മടങ്ങി എത്തിയ വിദേശികളും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.
നിസാമുദ്ദീനില്‍ നിന്ന് മടങ്ങി എത്തിയവരില്‍ 190 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ 200 ലധികം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലാണ് കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.