ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദത്തില്‍ മരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശ വാദവുമായി പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്. എന്നാല്‍ ബാബ രാംദേവിന്റെ അവകാശവാദത്തിനെതിരെ ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ബാബാ രാംദേവിന്റെ അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി വിദഗ്ധന്‍ ഡോ. ഗിരിധര്‍ ബാബു വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാവുമെന്നും അഭ്യസ്ഥവിദ്യര്‍ പോലും വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പരസ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നിരോധിക്കണം. രോഗ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള അപകടകരമായ ട്വീറ്റുകള്‍ പോലും ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തിലായിരുന്നു ബാബ രാംദേവ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി തന്റെ കമ്പനിയായ പതഞ്ജലി വികസിപ്പിച്ചെടുത്ത മരുന്നിനെക്കുറിച്ച് അവകാശവാദമുന്നയിച്ചത്. വൈറസിനെ പ്രതിരോധിക്കാന്‍ അശ്വഗന്ധയെന്ന ആയുര്‍വേദ സസ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. തടയുമെന്നായിരുന്നുബാബ രാംദേവിന്റെ പ്രചാരണം. വീഡിയോ പരസ്യത്തിലൂടെയായിരുന്നു ബാബാ രാംദേവിന്റെ അവകാശ വാദം.