ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സേവനങ്ങള്‍ക്കും ചരക്കുകള്‍ക്കും കുറവുണ്ടാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനുശേഷം ആളുകള്‍ കടകളില്‍ അണിനിരക്കാന്‍ തുടങ്ങി. അത്തരത്തിലുള്ള എന്തെങ്കിലും ചെയ്യുന്നത് ലോക്ക്ഡിണിന്റെ മുഴുവന്‍ ലക്ഷ്യത്തെയും പരാജയപ്പെടുത്തും. പരിഭ്രാന്തരാകരുതെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവശ്യ സേവനങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകില്ല. അവശ്യവസ്തുക്കളുള്ള കടകള്‍ തുറന്നിരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്’- അദ്ദേഹം പറഞ്ഞു.
ആരോഗ്യസേവനങ്ങളും മാധ്യമപ്രവര്‍ത്തനവും നടത്തുന്നവര്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ കരുതണമെന്നും അവരുടെ ചുമതലകള്‍ക്ക് തടസ്സമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പച്ചക്കറികളും പലചരക്ക് വസ്തുക്കളും വില്‍ക്കുന്ന വ്യാപാരികളോട് ഇ പാസ് ലഭിക്കുന്നതിനായി സര്‍ക്കാരിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ലോക്ക് ഡൗ സമയത്ത് ജോലിയില്ലാത്ത നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് 5000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.